പെറുവില്‍ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലെ സംഘര്‍ഷത്തില്‍ 13 മരണം

09:34 AM Jan 10, 2023 | Deepika.com
ലിമ: പെറുവില്‍ മുന്‍ പ്രസിഡന്‍റ് പെട്ര്യോ കാസ്റ്റിനോയെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച ജൂലിയാക്ക നഗരത്തിന്‍റെ തെക്കുകിഴക്കുള്ള പുനോ മേഖലയിലാണ് സംഭവം. സംഘര്‍ഷത്തില്‍ 34ഓളം പേര്‍ക്ക് പരിക്കേറ്റു. പുതിയ പ്രസിഡന്‍റ് ഡയാന ബോലുവാര്‍ട്ടേയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സമീപ നഗരമായ ചുക്യുറ്റോയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

രാജ്യവ്യാപകമായി, പെറുവിലെ ഏകദേശം 13 ശതമാനം പ്രവിശ്യകളില്‍ തിങ്കളാഴ്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡിസംബറില്‍ നിയമവിരുദ്ധമായി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് കാസ്റ്റിനോയെ സ്ഥാനത്ത് നിന്ന് നീക്കിയതും അറസ്റ്റ് ചെയ്തതും.

കലാപക്കുറ്റമാണ് കാസ്റ്റിനോയുടെ മേല്‍ ആരോപിച്ചിട്ടുള്ളത്. ഇത് അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. നിലവില്‍ വിചാരണയ്ക്ക് മുന്‍പുള്ള 18 മാസത്തെ കരുതല്‍ തടങ്കലിലാണ് കാസ്റ്റിനോയുള്ളത്.