കാട്ടാനയിറങ്ങി; സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

02:07 PM Jan 06, 2023 | Deepika.com
വയനാട്: കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഡല്ലൂരില്‍ നേരത്തെ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയാണ് ഇന്ന് പുലര്‍ച്ചെ പ്രദേശത്ത് ഭീതിപരത്തിയത്. സമീപത്തെ കാട്ടിലേക്ക് കയറിയ ആന ഏതു സമയത്തും ജനവാസ മേഖലയില്‍ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് മുന്‍കരുതലുകള്‍ സ്വീകരിച്ച് വരികയാണ്. ആനയെ പിടികൂടാനുള്ള ദൗത്യസംഘം ഉടന്‍ സ്ഥലത്തെത്തും.

ഇന്ന് പുലര്‍ച്ചെ ഒരുമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തുരത്തിയത്. ഗൂഡല്ലൂരില്‍ ഒരുമാസം മുമ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചുകൊണ്ട് ഉള്‍ക്കാട്ടിലേക്ക് വിട്ട കാട്ടാനയാണിത്.

ഗൂഡല്ലൂരില്‍ നേരത്തെ രണ്ട് പേരെ കൊലപ്പെടുത്തിയ ആന 50 വീടുകളും തകര്‍ത്തിരുന്നു.