"അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനം'

08:35 PM Jan 04, 2023 | Deepika.com
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു.

സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്.

അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചു. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയർത്താനും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.