മേള കൊടിയേറി; ചിലങ്ക കെട്ടി മലബാർ

11:02 AM Jan 03, 2023 | Deepika.com
കോഴിക്കോട്: മലബാറിന്‍റെ മടിത്തട്ടിൽ കൗമാരകലാമേളയുടെ തിരി തെളിഞ്ഞു. ഇനിയുള്ള അഞ്ചു നാളുകൾ ചരിത്രനഗരി കലയുടെ വർണക്കാഴ്ച്ചകൾ സാക്ഷ്യം വഹിക്കും. 61-ാമത് സ്കൂൾ കലോത്സവത്തിൽ 24 വേദികളിലായി പതിനായിരത്തിലധികം കൗമാര പ്രതിഭകൾ നൃത്തവും ഒപ്പനയും സംഗീതവുമെല്ലാമായി കോഴിക്കോട്ട് മാറ്റുരയ്ക്കും. പട്ടാളബൂട്ടുകളുടെ പരുക്കന്‍ ശബ്ദം കേട്ടു പരിചയിച്ച വെസ്റ്റ്ഹില്‍ വിക്രം മൈതാനി ചിലങ്കയുടെ നാദത്തില്‍ മുഖരിതമാകും. കലോത്സവത്തിന്‍റെ പ്രധാനവേദിയാണ് വിക്രം മൈതാനം.

രാവിലെ എട്ടരയ്ക്ക് കലോത്സവ പതാക ഉയർന്നു. പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ തിരിതെളിയിച്ചതോടെ വേദി ഉണർന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് കലാമാമാങ്കം സാമൂതിരിയുടെ തട്ടകത്തിലേക്കു വീണ്ടുമെത്തുന്നത്. കലാലോകത്തെ വരവേല്‍ക്കാന്‍ ഒരുക്കളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ജേതാക്കള്‍ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പ് ഇന്നലെ വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തി. നഗരഹൃദയത്തിലെ മാനാഞ്ചിറ മൈതാനം രാത്രി കാലത്ത് വെള്ളിവെളിച്ചം വിതറി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളുമെല്ലാം ദീപാലങ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്. ഉത്സവ ലഹരിയിലാണ് കോഴിക്കോട്ടുകാര്‍.

സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടൊപ്പം നടക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. 9352 കലാകാരന്‍മാരാണ് ഇന്നലെവരെ കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 246 പേര്‍ ഡിഡിഇമാരുടെ അപ്പീലുമായി മത്സരത്തിനെത്തുന്നുണ്ട്. 28പേര്‍ മജിസ്ട്രേറ്റ് കോടതികളുടെ അപ്പീലുമായും എത്തുന്നുണ്ട്. ചില അപ്പീലുകളില്‍ ഫലപ്രഖ്യാപനം മജിസ്ട്രേറ്റ് കോടതികളുടെ വിധിക്ക് വിധേയമായിരിക്കും. ഹൈക്കോടതിയില്‍ എത്തിയ അപ്പീലുകള്‍ കോടതി തള്ളിയിട്ടുണ്ട്. സ്റ്റേജ് മാനേജ്മെന്‍റ് സംബന്ധിച്ച ഉത്തരവും കോടതി നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം കാല്‍ലക്ഷത്തോളം പേര്‍ നഗരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കു സഞ്ചരിക്കാന്‍ 30 കലോത്സവ വണ്ടികള്‍ തയാറാക്കിയിട്ടുണ്ട്. ചില ഓട്ടോറിക്ഷകളും സൗജന്യമായി സര്‍വീസ് നടത്തും. മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് ഊട്ടുപുര. രണ്ടായിരം പേര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ട് ക്യാമ്പ് ചെയ്താണ് കലോത്സവത്തിനു നേതൃത്വം നല്‍കുന്നത്.