റിസോർട്ട് തുടങ്ങാനായി 100 കോടി ലോൺ: 33 ലക്ഷം വാങ്ങി വഞ്ചിച്ച മൂന്ന് പേർക്കെതിരേ കേസ്

11:27 AM Dec 24, 2022 | Deepika.com
കണ്ണൂർ: റിസോർട്ട് തുടങ്ങാൻ നൂറുകോടി ലോൺ ശരിയാക്കിതരാമെന്ന് പറഞ്ഞ് 33 ലക്ഷം വാങ്ങി വഞ്ചിച്ചതായി പരാതി. പള്ളിക്കുന്ന് ആരോഗ്യ മെഡിക്കൽ കെയർ മനേജിംഗ് ഡയറക്ടർ കെ.കെ. ചന്ദ്രന്‍റെ പരാതിയിലാണ് കോടതി നിർദേശ പ്രകാരം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.

2021 ലാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎം ഗ്രൂപ്സിന്‍റെ ചെയർമാൻ ജോസഫ് മാത്യുവിനും ബാബുരാജ്, ഉല്ലാസ് നായർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. റിസോർട്ട് തുടങ്ങാൻ നൂറുകോടി രൂപ ലോൺ ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

വിവിധ ആവശ്യങ്ങൾക്ക് പണം ആവശ്യപ്പെട്ടപ്പോൾ പല തവണകളായി 33 ലക്ഷം നൽകിയെന്നും എന്നാൽ, പണം കൈപ്പറ്റിയതല്ലാതെ തുടർനടപടികളൊന്നും എടുത്തിട്ടില്ലെന്നുമാണ് പരാതി.