മൂടൽമഞ്ഞ്: ഹരിയാന ഉപമുഖ്യമന്ത്രി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

10:32 AM Dec 20, 2022 | Deepika.com
ചണ്ഡീഗഡ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഹിസാറിലെ അഗ്രോഹ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

ഉപമുഖ്യമന്ത്രി സഞ്ചരിച്ച കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു പോലീസ് കമാൻഡോയ്ക്ക് പരിക്കേറ്റു. ചൗട്ടാലയുടെ വാഹനവ്യൂഹം ഹിസാറിൽനിന്ന് സിർസയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച കുറവായതിനാൽ സംസ്ഥാന പോലീസിന്‍റെ ബൊലേറോ കാർ സഡൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് കാർ കൂട്ടിയിടിച്ചത്. ഇതിനിടെ, ഉത്തർപ്രദേശിൽ മൂടൽമഞ്ഞിനെ തുടർന്ന് ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു.

അടുത്ത അഞ്ച് ദിവസത്തേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ഡൽഹി, വടക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായിരിക്കുന്നത്.