ദുബായി: മുസ്ലിം ലീഗ് എന്നും യുഡിഎഫിനും കോൺഗ്രസിനുമൊപ്പം ഉറച്ചുനിൽക്കുമെന്ന് കെ.എം.ഷാജി. ലീഗിന്റെ പ്രവർത്തകരോട് സിപിഎം ചെയ്ത ക്രൂരതകൾ മറക്കാൻ കഴിയില്ലെന്നും മുന്നണി വിടുന്ന കാര്യം ആലോചിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും കെ.എം.ഷാജി പറഞ്ഞു. ദുബായിൽ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജി.
മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെ നില്ക്കുന്നതില് വലിയ രാഷ്ട്രീയമുണ്ട്. അത് ഇന്ത്യയുമായി ബന്ധമുള്ള രാഷ്ട്രീയമാണ്. അത് സഖാക്കള്‍ക്ക് മനസിലാകില്ല. എൽഡിഎഫിലേക്ക് വന്നാല്‍ കേരളമാണ് ദുനിയാവ് എന്ന് വിചാരിച്ച് നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വർഗീയ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസ് മികച്ച ശ്രമമാണ് നടത്തുന്നതെന്നും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഹിമാചൽപ്രദേശിലെ കോൺഗ്രസ് വിജയം വലിയ പ്രതീക്ഷയാണ് നൽക്കുന്നത് എന്നും ഷാജി കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ ക്രൂരതകൾ മറക്കില്ല; യുഡിഎഫിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ഷാജി
02:30 AM Dec 13, 2022 | Deepika.com