പോലീസിനെതിരായ ആരോപണം ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി; മാങ്ങാ മോഷണം ചൂണ്ടിക്കാട്ടി പ്രതിപക്ഷം

01:29 PM Dec 12, 2022 | Deepika.com
തിരുവനന്തപുരം: കേരളാ പോലീസിലെ രാഷ്ട്രീയവൽക്കരണം സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളാ പോലീസിൽ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരുടെ എണ്ണം കൂടുന്നു, ക്രമസമാധാനപാലനം താറുമാറായി, അമിതമായ രാഷ്ട്രീയവൽക്കരണം നടക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നോട്ടീസ് നൽകിയത്.

പോലീസിലെ രാഷ്ട്രീയവൽക്കരണമെന്ന ആരോപണം ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പോലീസിനെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കേസുകളിലെല്ലാം പോലീസിന്‍റെ അന്വേഷണം കാര്യക്ഷമമായിരുന്നു. പോലീസിൽ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടാൻ ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

തെറ്റ് ചെയ്യുന്ന പോലീസിനെ മുഖ്യമന്ത്രി ന്യായികരിക്കുകയാണ്. വഴിവിട്ട പോലീസിനെ സർക്കാർ സംരക്ഷിച്ചാൽ എവിടെപ്പോയി നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. പിങ്ക് പോലീസ് പരാജയമാണെന്നും തിരുവഞ്ചൂർ ആരോപിച്ചു. അമിതമായ രാഷ്ട്രീയവത്കരണമാണ് പോലീസ് സേനയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. മാങ്ങാ മോഷണ കേസിൽ പോലും പോലീസ് പ്രതിയാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.