ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. ബില്ലിനെ എതിർക്കാൻ സഭയിൽ കോൺഗ്രസ് അംഗങ്ങൾ ഇല്ലാതിരുന്നതിനെ വിമർശിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി.
രാജസ്ഥാനിൽ നിന്നുള്ള കിരോടി ലാൽ മീണ ബിൽ അവതരിപ്പിക്കാനൊരുങ്ങവേ, അവതരണാനുമതിക്കായി പ്രതിപക്ഷം സഭയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. 23-ന് എതിരെ 63 വോട്ടിന് അവതരണാനുമതി ലഭിച്ചതോടെ ബില്ലിന്മേൽ ചർച്ച ആരംഭിച്ചു.
ബില്ലിനെ എതിർത്ത് സംസാരിക്കവേ, വിഷയത്തിൽ നിലപാട് അറിയിക്കാൻ ഒരു കോൺഗ്രസ് എംപി പോലും സഭയിൽ ഇല്ലാത്തത് ഖേദകരമാണെന്ന് ലീഗ് എംപി പി.വി. അബ്ദുൾ വഹാബ് പ്രസ്താവിച്ചു. ലീഗും കോൺഗ്രസും കേരളത്തിൽ സഖ്യകക്ഷികളാണെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ പരിഹാസം ഉടനെത്തിയെങ്കിലും വഹാബ് ആ പ്രകോപനത്തിന് കൃത്യമായ മറുപടി നൽകി.
തങ്ങൾ മാർക്സിസ്റ്റുകൾക്ക് എതിരാണെന്ന് വ്യക്തമാക്കിയ വഹാബ്, ബിൽ മൂലം ഇന്ത്യക്ക് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് പറഞ്ഞു.
ലീഗ് നേതാവ് സഭയിൽ നടത്തിയ പരാമർശം അറിഞ്ഞ് ഓടിയെത്തിയ ജെബി മേത്തർ എംപിയും കർണാടകയിൽ നിന്നുള്ള ജനപ്രതിനിധിയായ ഹനുമന്തയ്യയും ബില്ലിനെ എതിർത്ത് സംസാരിച്ച് രംഗം ശാന്തമാക്കാൻ ശ്രമിച്ചു.
ഏക സിവിൽ കോഡ്: ബില്ലുമായി ബിജെപി, കോൺഗ്രസിനെതിരെ പ്രസ്താവനയുമായി ലീഗ്
06:55 PM Dec 09, 2022 | Deepika.com