മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹിമാചല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും

10:08 AM Dec 09, 2022 | Deepika.com
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്. നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഷിംലയിലെ റാഡിസണ്‍ ഹോട്ടലില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ യോഗം ചേരും.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, എഐസിസി നിരീക്ഷകരായ ഭൂപീന്ദര്‍ ഹൂഡ ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യോഗം തീരുമാനമെടുക്കാതെ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഒറ്റവരി പ്രമേയം പാസാക്കിയേക്കും.

താക്കൂര്‍ അല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്നതാണ് ഹിമാചലില്‍ പതിവ്. നദൗന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുഖ് വിന്ദര്‍ സിംഗ് സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്.

പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിക്കായും മുന്‍ മുഖമന്ത്രി വീര്‍ ഭദ്ര സിംഗിന്‍റെ ഭാര്യ പ്രതിഭ സിംഗിനായും മകന്‍ വിക്രമാദിത്യ സിംഗിനായും സമ്മര്‍ദം ഉണ്ടായേക്കും. ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68ല്‍ 40 സീറ്റും കോണ്‍ഗ്രസ് നേടിയിരുന്നു. 25 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്.