പ്രഭ മങ്ങാതെ മോദി; കരുത്ത് ചോരാതെ ബിജെപി

04:03 PM Dec 08, 2022 | Deepika.com
ന്യൂഡൽഹി: ഗുജറാത്തിലെ ചരിത്രവിജയത്തിന് എല്ലാ അർഥത്തിലും ഒരൊറ്റ അവകാശിയേയുള്ളു. നരേന്ദ്ര ദാമോദർദാസ് മോദി. ഹിന്ദുത്വയുടെ തട്ടകത്തിൽ തുടർച്ചയായി ഏഴാം വട്ടവും അധികാരം നിലനിർത്തുന്നതിന് മോദിയെന്ന താരത്തെ മുൻനിർത്തിയാണ് ബിജെപി പടനയിച്ചത്.

മോദിയുടെ പ്രഭാവത്തിനു മുന്നിൽ പ്രതിപക്ഷത്തിന്‍റെ ആയുധങ്ങളെല്ലാം തകർന്നുതരിപ്പണമായി. ബിജെപിയെ അരികിലേക്ക് മാറ്റി, മോദിയും പ്രതിപക്ഷവും എന്ന നിലയിലാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പോലും നടന്നത്.

തലപ്പത്ത് മോദിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ ആർപ്പുവിളിച്ച് കളത്തിലിറങ്ങുന്ന മത്സരവീര്യമാണ് ബിജെപി പ്രവർത്തകർക്കുള്ളത്. ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മോദിയെ ഇറക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് ഫലം കണ്ടു.

കർഷക പ്രതിഷേധം, തൊഴിലില്ലായ്മ, വിലക്കയറ്റം, മോർബി ദുരന്തം ഇതൊക്കെ മോദിയെന്ന വ്യക്തിയെ കണ്ട് ഗുജറാത്തിലെ ജനം മറന്നു. തങ്ങൾക്ക് വേണ്ടത് ശക്തനായ ഒരു നേതാവിനെ മാത്രമാണെന്ന് അവർ കാണിച്ചുതന്നു. "നമ്മളാണു ഗുജറാത്തിനെ സൃഷ്ടിച്ചത്’ എന്ന മുദ്രാവാക്യം ഉയർത്തിയ മോദി, വോട്ടു ചെയ്യുമ്പോൾ തന്നെ മാത്രം ഓർത്താൽ മതിയെന്ന് പറഞ്ഞതും ഏറ്റു.

ഗുജറാത്തിൽ മോദിക്കൊരു പകരക്കാരൻ ഇതുവരെ ഉണ്ടായിട്ടില്ല, കണ്ടെത്താൻ ബിജെപിക്കു സാധിച്ചിട്ടുമില്ല. മോദി മുഖ്യമന്ത്രിയായിരിക്കെ പോലും ഉണ്ടാകാത്ത നേട്ടമാണ് ഇത്തവണ ബിജെപി സംസ്ഥാനത്ത് ഉണ്ടാക്കിയത്. മോദി മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 127 സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം.

അതേസമയം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് മേലുള്ള മറ്റൊരു തിരിച്ചടി കൂടിയാണ് ഗുജറാത്തിലെ ബിജെപിയുടെ കുതിപ്പ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നേതൃത്വം കെട്ടിപ്പടുക്കാൻ കോൺഗ്രസിനാവുന്നില്ലെങ്കിൽ ഭാരത് ജോഡോ യാത്രയ്ക്കെന്നല്ല ഒരു യാത്രയ്ക്കും കോൺഗ്രസിനെ രക്ഷിച്ചെടുക്കാനാവില്ല.