ബിജെപിയുടേത് മിന്നും വിജയം, റിക്കാർഡ് നേട്ടത്തിലേക്ക്

12:17 PM Dec 08, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. എന്നാൽ ഇത്തവണ ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തിൽ കോൺഗ്രസിനെ മറികടന്ന് ആ റിക്കാർഡും സ്വന്തമാക്കി.

കോണ്‍ഗ്രസിന്‍റെ പ്രതാപ കാലത്ത് മികച്ച വിജയങ്ങള്‍ ആണ് ഗുജറാത്തില്‍ പാര്‍ട്ടി സ്വന്തമാക്കിയിരുന്നത്. 1985 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 149 സീറ്റും 55.55 ശതമാനം വോട്ടും നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. സംസ്ഥാനത്ത് ഇന്നും തകര്‍ക്കപ്പെടാത്ത ഒരു റിക്കാർഡായിരുന്നു ഇത്.

ഏകദേശം മൂന്ന് പതിറ്റാണ്ടായി അധികാരത്തിലുള്ള ബിജെപിക്ക് ഇതുവരെ ഈ റിക്കാർഡ് തൊടാനായിരുന്നില്ല. മാത്രമല്ല സംസ്ഥാനത്ത് മൂന്ന് തവണ 140-ഓ അതിലധികമോ സീറ്റുകള്‍ നേടിയ ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

1980ലെ തിരഞ്ഞെടുപ്പില്‍ 141 സീറ്റുകളും 1972ലെ തിരഞ്ഞെടുപ്പില്‍ 140 സീറ്റുകളും ആണ് കോണ്‍ഗ്രസ് നേടിയത്. 2002ല്‍ ബിജെപി നരേന്ദ്ര മോദിയുടെ കീഴില്‍ 182ല്‍ 127 സീറ്റ് നേടിയുള്ള വിജയമായിരുന്നു ഇതുവരെയുള്ള പാര്‍ട്ടിയുടെ സംസ്ഥാനത്തെ എക്കാലത്തേയും ഉയര്‍ന്ന സീറ്റ് നില.

ഇത്തവണ വോട്ടെണ്ണൽ പകുതി ആയപ്പോഴെ ബിജെപിയുടെ ലീഡ് നില 154 എന്ന നിലയിലാണ്. കോൺഗ്രസിന്‍റെ ലീഡ് 20ലേക്ക് താഴുകയും ചെയ്തു. വോട്ടിംഗ് ശതമാനത്തിനും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എഎപിയുടെ വരവാണ് കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് ആക്കംകൂട്ടിയത്.