താമരക്കുളത്തിൽ "കൈ' മുങ്ങി, കോൺഗ്രസ് അപ്രത്യക്ഷം

01:08 PM Dec 08, 2022 | Deepika.com
ന്യൂഡൽഹി: ഗുജറാത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിലാണ് കോൺഗ്രസ്. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ഗാന്ധി കുടുംബത്തിനും തലകുനിച്ച് നടക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇനിയൊരു തിരിച്ചുവരവിന് പോലും കോൺഗ്രസിന് സാധിക്കുമോയെന്ന് സംശയമുണ്ട്. അടിവേര് ഉൾപ്പെടെ പാർട്ടിയുടെ തകർന്നു.

രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയും നനഞ്ഞ പടക്കമായതായാണ് ഫല സൂചനകളിൽ വ്യക്തമാകുന്നത്. ഭാരത് ജോഡോ യാത്ര ഗുജറാത്തിലേക്ക് പ്രവേശിച്ചില്ലെങ്കിലും യാത്രയുടെ ഉദ്ദേശ്യശുദ്ധി ഇന്ത്യ മുഴുവൻ അലയടിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാൽ ഗുജറാത്തിൽ ഉള്ള വോട്ട് കൂടി കളഞ്ഞുകുളിച്ചിരിക്കുകയാണ്.

എഎപിയുടെ വരവാണ് കോൺഗ്രസിനെ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 40 ശതമാനത്തിന് മുകളിൽ വോട്ടിംഗ് ശതമാനമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 26 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. എഎപിയുടെ വോട്ടിംഗ് ശതമാനം 13 ആയി ഉയർത്തുകയും ചെയ്തു. കഴിഞ്ഞ തവണ 77 സീറ്റിൽ വിജയിച്ച കോൺഗ്രസ് വെറും 16 സീറ്റിൽ മാത്രമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.