"ഞാൻ കളി കാണാൻ ഇരിക്കുകയാണോ..': സഭയിൽ ക്ഷുഭിതനായി സ്പീക്കർ

04:53 PM Dec 07, 2022 | Deepika.com
തിരുവനന്തപുരം: നിയമസഭയിലെ ഭരണ പ്രതിപക്ഷ ബഹളത്തിൽ ക്ഷുഭിതനായി സ്പീക്കർ എ.എൻ. ഷംസീർ. മന്ത്രി പി. രാജീവും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ നേരിട്ട് വാക്കുതർക്കമുണ്ടായപ്പോഴാണ് ചെയറിനോട് അല്ലാത്ത വാദപ്രതിവാദത്തിൽ സ്പീക്കർ ക്ഷുഭിതനായത്.

നിങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാല്‍ ഞാന്‍ ഇവിടെ ഇരിക്കേണ്ട കാര്യമില്ലല്ലോ. ചെയറില്‍ സ്പീക്കർ ഇരിക്കേണ്ട കാര്യമില്ല. രണ്ടു പേരും ചെയറിനെ നോക്കി സംസാരിക്കുക. നിങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞാല്‍ ഞാന്‍ എഴുന്നേറ്റ് പോകാമെന്നും സ്പീക്കർ പറഞ്ഞു.

139 പേരോടും പറയാനുള്ളത്, ഒന്ന് ചെയറിനെ നോക്കി സംസാരിക്കണം. ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി സംസാരിക്കുമ്പോള്‍ ഞാനൊരു കളി കാണാന്‍ ഇരിക്കുന്ന ആളെ പോലെയാണ് തോന്നുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.