മൂന്നാറിൽ പോലീസിന് നേരെ ആക്രമണം; അഞ്ചുപേർ പിടിയിൽ

12:12 PM Dec 07, 2022 | Deepika.com
ഇടുക്കി: മൂന്നാറിൽ പോലീസിന് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദനമേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി.

കാർത്തിക മഹോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. മൂന്നാറിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വിഷ്ണു അമിത വേഗത്തിൽ വന്ന ഒരു ഓട്ടോറിക്ഷ തടഞ്ഞു നിർത്തി. ഇതിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഓട്ടോ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദിച്ചതിനും അടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.