കൊച്ചി: തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ 42 ദിവസത്തിനു മുമ്പ് ഒടിടിയില്‍ നല്കുന്ന നിര്‍മാതാക്കളും താരങ്ങളുമായി തുടര്‍ന്ന് സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് കേരളയുടെ(ഫിയോക്) കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
2023 ജനുവരി ഒന്നുമുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നും ഏപ്രില്‍ മുതല്‍ ഒടിടി റിലീസ് സമയപരിധി 56 ദിവസമാക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. ഹോളിവുഡ് ചിത്രമായ അവതാര്‍ 2 റിലീസുമായി ബന്ധപ്പെട്ട് വിതരണക്കാരുമായുണ്ടായ തര്‍ക്കത്തിനും പരിഹാരമായതായി വിജയകുമാര്‍ പറഞ്ഞു.
ചിത്രത്തിന്റെ തിയറ്റര്‍ വരുമാനം പങ്കിടുന്നതിലായിരുന്നു തര്‍ക്കം. 60 ശതമാനം വിഹിതമാണ് വിതരണക്കാര്‍ ചോദിച്ചിരുന്നത്. അത് അംഗീകരിക്കാതിരുന്ന ഫിയോക് കേരളത്തിലെ തീയറ്ററുകളില്‍ അവതാര്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. തുടര്‍ന്നാണ് ഒത്തുതീര്‍പ്പുണ്ടായത്. ആദ്യ രണ്ടാഴ്ച 55 ശതമാനവും തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ 50, 40 ശതമാനവും വരുമാനം പങ്കിടാമെന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
രണ്ടു ശതമാനം പരസ്യവിഹിതവും 3ഡി കണ്ണടയ്ക്കുള്ള ചെലവിന്റെ പങ്കും തിയറ്റര്‍ ഉടമകള്‍ അവതാറിന് നല്‍കില്ല. തിയറ്ററിലെ ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി സിനിമയുടെ വരുമാന വിഹിതം പങ്കിടുന്ന ഹോള്‍ഡോവര്‍ സംവിധാനം പുനരാരംഭിക്കാനും ജനറല്‍ബോഡി തീരുമാനിച്ചു. കാണികളുടെ എണ്ണത്തില്‍ നിശ്ചിത കുറവുണ്ടായാല്‍ വരുമാനത്തിന്റെ പങ്കില്‍ 10 ശതമാനം വീതം കുറയ്ക്കാനാണ് തീരുമാനം.
ഒടിടി വ്യവസ്ഥ ലംഘിച്ചാല്‍ താരങ്ങളെ ബഹിഷ്കരിക്കും: ഫിയോക്
07:48 PM Dec 06, 2022 | Deepika.com