കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. ലഹരി മാഫിയ ഭീഷണിപ്പെടുത്തി മയക്കുമരുന്നിന്റെ കാരിയര്‍ ആക്കി മാറ്റിയെന്ന് വിദ്യാര്‍ഥിനി പറഞ്ഞു.
ഭീഷണിപ്പെടുത്തി സ്കൂള്‍ ബാഗില്‍ വിവിധ കേന്ദ്രങ്ങളില്‍ ലഹരി എത്തിച്ചു. സ്കൂളിലെ കബഡി കളിക്കിടെ സുഹൃത്തായ മറ്റൊരു പെണ്‍കുട്ടി നല്കിയ ബിസ്ക്കറ്റിലൂടെയാണ് ലഹരിക്ക് അടിമയായത്.
നന്നായി കളിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് പൊടിരൂപത്തില്‍ ലഹരി മൂക്കില്‍ വലിപ്പിച്ചു. പിന്നീട് പലതവണ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കുത്തിവയ്പ്പിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസലഹരിയുടെ പിടിയിലായെന്നും കുട്ടി വെളിപ്പെടുത്തി.
കൈയില്‍ വരയ്ക്കുന്ന പ്രത്യേക അടയാളങ്ങളിലൂടെയാണ് തങ്ങള്‍ കാരിയര്‍മാരാണെന്ന് തിരിച്ചറിയുന്നതെന്ന് പെണ്‍കുട്ടി പറയുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതറിഞ്ഞ ലഹരി മാഫിയ സ്റ്റേഷന് പരിസരത്തെത്തി.
ഇവരെ കണ്ടതോടെ പെണ്‍കുട്ടി അസ്വസ്ഥയായി. ഒടുവില്‍ അഴിയൂര്‍ സ്വദേശി അദ്നാനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. ഇയാള്‍ക്കെതിരെ തെളിവില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിയെ വിട്ടയച്ചത്.
താനുള്‍പ്പെടെ സ്കൂളിലെ പല പെണ്‍കുട്ടികളും ലഹരിമാഫിയയുടെ കെണിയിലാണെന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നതുള്പ്പെടെയുള്ള നടപടി അധികൃതര്‍ സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
ലഹരിമാഫിയയുടെ കാരിയറാക്കിയെന്ന് വിദ്യാര്‍ഥിനി; പ്രതിയെ വിട്ടയച്ച് പോലീസ്
11:54 AM Dec 06, 2022 | Deepika.com