ഷൂട്ടൗട്ടിൽ ജപ്പാൻ വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ

11:47 PM Dec 05, 2022 | Deepika.com
ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യമായി ഷൂട്ടൗട്ട് വിധിയെഴുതിയ കളിയിൽ ജപ്പാൻ പോരാട്ടത്തെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടറിൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. അധിക സമയത്തേക്കു നീട്ടിയെടുത്തിട്ടും ഇരു ടീമും ഒരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൂട്ട് വിധി നിർണയിച്ചത്.

ഷൂട്ടൗട്ടിൽ ജപ്പാൻ താരങ്ങളായ ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ടാണ് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് വീര നായകനായി മാറിയത്. ഡിസംബർ ഒൻപതിനു നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ, ബ്രസീൽ – ദക്ഷിണ കൊറിയ മത്സര വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡയുടെ ഗോളില്‍ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 55ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് ഹെഡ്ഡറിലൂടെ ക്രൊയേഷ്യയെ ഒപ്പമെത്തിക്കുകയായിരുന്നു. ജപ്പാന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. കളിയുടെ തുടക്കത്തില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താന്‍ കഴിയാതെ പോയ ക്രൊയേഷ്യ മത്സരം പുരോഗമിക്കവെ തിരിച്ചുവരുന്നതാണ് കണ്ടത്.