ന്യൂഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്നും ഡി.രാജ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ ഘടനയെ തകര്‍ക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ ഓഫീസ് ബിജെപിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുകയാണ്.
ഈ മാസം 29ന് ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാജ്ഭവന് മാര്‍ച്ചുകള്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും രാജ പറഞ്ഞു.
ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചത് ഊഴമനുസരിച്ചാണ്. എന്നാല്‍ ബിജെപിയും ആര്‍എസ്എസും മോദിയുടെ നേട്ടമായാണ് ഇതിനെ വിശേഷിപ്പിക്കുന്നതെന്നും രാജ വിമര്‍ശിച്ചു.
ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്. ഗുജറാത്ത്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടും.ഡല്‍ഹി കോര്പറേഷന് തെരഞ്ഞെടുപ്പിലും ഇത്തവണ ബിജെപി പരാജയം ഏറ്റുവാങ്ങുമെന്നും രാജ പറഞ്ഞു.
ഗവര്‍ണര്‍ പദവി എടുത്തുകളയണം; ഡി.രാജ
03:51 PM Dec 05, 2022 | Deepika.com