സമാധാന ദൗത്യ സംഘം വിഴിഞ്ഞത്ത്; നിര്‍ദേശം തള്ളി ജനകീയ കൂട്ടായ്മ

10:00 PM Dec 05, 2022 | Deepika.com
തിരുവനന്തപുരം: സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള സംഘത്തിന്‍റെ നിര്‍ദേശം ജനകീയ കൂട്ടായ്മ തള്ളി.

ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങിയ സംഘമാണ് പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെത്തിയത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെയാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്ന സമരപന്തലിലെത്തി.

ഇവിടെനിന്നാണ് പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയ ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തിയത്. എന്നാല്‍ സമാധാനശ്രമം ഏകപക്ഷീയമാണെന്നും വൈകിപോയെന്നും ജനകീയ കൂട്ടായ്മ നിലപാടെടുത്തു. നേരത്തെ അക്രമസമരം ഉണ്ടായപ്പോള്‍ സംഘം എവിടെയാരുന്നെന്ന് ഇവര്‍ ചോദ്യമുന്നയിച്ചു.

കഴിഞ്ഞ ദിവസം തങ്ങളെ ആക്രമിച്ചവരെ ഇതുവരെ പിടികൂടാനായില്ല. ഇവരെ എത്രയും വേഗം പിടികൂടണമെന്നും ജനകീയ കൂട്ടായ്മ ആവശ്യമുന്നയിച്ചു.

ബിഷപ്പ് ഡോ. സൂസപാക്യം, ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാനദൗത്യസംഘത്തിലുള്ളത്.