ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്നാലെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും രാജ്യത്തുടനീളം പ്രചാരണ യാത്ര നടത്തുന്നു. പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാർച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ഭാരത് ജോഡോ യാത്രയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്നതിനായി ഹാഥ് സെ ഹാഥ് ജോഡോ അഭിയാൻ എന്നപേരിലാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 26 മുതൽ രണ്ട് മാസമാണ് പ്രിയങ്കയുടെ നേതൃത്വത്തിലെ പദയാത്ര. മുഴുവൻ സംസ്ഥാന തലസ്ഥാനങ്ങളിലൂടെയും പദയാത്ര കടന്നുപോകും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന ഭാരത് ജോഡോ യാത്ര ജനുവരി 26ന് അവസാനിക്കും.
ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്വെന്ഷന്, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടക്കുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. 2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം.
ഇന്ത്യയെ ഉണർത്താൻ പ്രിയങ്കയും; രാജ്യത്തുടനീളം മഹിളാമാർച്ച്
09:07 PM Dec 04, 2022 | Deepika.com