പാറ്റ്ന: ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിക്കുന്ന ബീഹാര്‍ പോലീസിന്റെ ക്രൂര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാറ്റ്ന ഹൈക്കോടതി. പോലീസ് ഭൂമാഫിയയുമായി കൈകോര്‍ത്ത് തന്റെ വീട് തകര്‍ത്തെന്ന സ്ത്രീയുടെ പരാതിയിലാണ് വിമര്‍ശനം.
ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീട് തകര്‍ക്കുന്നത് പോലീസിന് ഒരു തമാശയോ കണ്ട് രസിക്കാനുള്ള കാഴ്ചയോ ആയി മാറിയിരിക്കുന്നു. നിങ്ങള്‍ സംസ്ഥാനത്തെയാണോ അതോ സ്വകാര്യ വ്യക്തിയെ ആണോ പ്രതിനിധീകരിക്കുന്നതെന്നു കോടതി ചോദിച്ചു.
ഭൂമാഫിയയുമായി കൈകോര്‍ത്ത് പോലീസ് അനധികൃതമായി വീട് പൊളിക്കുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട് പഠിക്കുമ്പോള്‍ മനസിലാകുന്നത്. വീട് അന്യായമായി തകര്‍ത്തതായി കണ്ടെത്തിയാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഓരോ ഉദ്യോഗസ്ഥന്റെയും കൈയില്‍നിന്ന് 5 ലക്ഷം രൂപ വീതം ഇടാക്കി പരാതിക്കാരന് നല്‍കുമെന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.
ഭൂമാഫിയയ്ക്ക് ഭൂമി വിട്ട് നല്കാത്തതിനാല് പരാതിക്കാരിയായ സ്ത്രീക്കും കുടുംബത്തിനും എതിരെ കള്ളക്കേസ് എടുത്തിട്ടുണ്ടെന്നും ഇവരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഈ കേസിന്റെ എഫ്ഐആര്‍ കോടതി തത്ക്കാലേത്തേക്ക് മരവിപ്പിച്ചു. പരാതിക്കാരിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുന്നതും കോടതി വിലക്കി.
വീട് പൊളിക്കുന്നത് തമാശയാണോ?; ബുള്‍ഡോസര്‍ നടപടിക്കെതിരെ പാറ്റ്ന ഹൈക്കോടതി
03:33 PM Dec 04, 2022 | Deepika.com