തിരുവനന്തപുരം: വിഴിഞ്ഞം സമരം തീർക്കാൻ ഗാന്ധിസ്മാരക നിധിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ച തുടങ്ങി. സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും മധ്യസ്ഥർ സംസാരിക്കും.
കോർ ഗ്രൂപ്പിൽ പൗരപ്രമുഖരെയാണ് ഉൾപ്പെടുത്തിയത്. ജസ്റ്റിസ് ഹരിഹരൻനായർ, ജോർജ് ഓണക്കൂർ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാകും. പ്രാഥമിക ചർച്ചകൾ രണ്ടുദിവസമായി നടന്നുവരികയാണ്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പത്രസമ്മേളനം നടത്തുമെന്ന് ഗാന്ധിസ്മാരക നിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ പറഞ്ഞു.
ചർച്ചയിലൂടെ സംഘർഷത്തിന് അയവു വരുത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും സമാധാനം, സഹകരണം, സൻമനോഭാവം എന്നീ കാര്യങ്ങൾ മുൻനിർത്തിയാണ് ചർച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സമരത്തിൽ എല്ലാവരും തോൽക്കുന്ന അവസ്ഥയാണുള്ളത്. സമാധാനം വരുത്താനായി എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരം: ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച തുടങ്ങി
07:52 PM Dec 03, 2022 | Deepika.com