കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം കോട്ടയം ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ശശി തരൂര്‍ എംപി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ എംപി ഓഫീസില്‍ നിന്നും വിളിച്ചിരുന്നുവെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റെടുത്ത പരിപാടിയില്‍ പ്രസംഗിക്കുമെന്നും എംപി വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിനോട് ചോദിക്കേണ്ടത് അവരോട് ചോദിക്കൂ. പരിപാടിയില്‍ പങ്കെടുക്കും. പ്രസംഗിക്കും. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് ഞാന്‍ നേരത്തെ അവര്‍ക്ക് കൊടുത്ത വാക്കാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനുമായി സമ്പര്‍ക്കമേ ഉണ്ടായിട്ടില്ല. എന്നെ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും തരൂർ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ പ്രതികരണത്തോട്, അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രായക്കാരനാണോയെന്നാണ് ചിരിച്ചുകൊണ്ട് തരൂരിന്റെ മറുപടി.
ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു. സംഘടനാ കീഴ്വഴക്കങ്ങള് പാലിക്കപ്പെട്ടില്ലെന്നും ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതിന് അച്ചടക്ക സമിതി അധ്യക്ഷനായ തനിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം.
സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ തുടരുന്നതിനിടെ എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തരൂരിനായി വേദി ഒരുക്കിയത് വലിയ രാഷ്ട്രീയശ്രദ്ധ നേടിയിരിക്കുകയാണ്.
"പരിപാടിയില്‍ പങ്കെടുക്കും, പ്രസംഗിക്കും, ഞാൻ കൊടുത്ത വാക്ക്': മാസ് മറുപടിയുമായി തരൂർ
02:42 PM Dec 03, 2022 | Deepika.com