രാജ്യസഭയില്‍ ഖാര്‍ഗെതന്നെ പ്രതിപക്ഷനേതാവായേക്കും; സോണിയ വിളിച്ച യോഗം ഇന്ന്

12:49 PM Dec 03, 2022 | Deepika.com
ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ സോണിയാ ഗാന്ധി കോണ്‍ഗ്രസിന്‍റെ നയരൂപീകരണ യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാലിനാണ് യോഗം.

സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റിൽ സ്വീകരിക്കേണ്ട സമീപനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടരുമെന്ന കാര്യവും യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനു മുമ്പ് ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ ഇരട്ടപദവി പാടില്ലെന്ന പാര്‍ട്ടി നയം തത്ക്കാലത്തേയ്ക്ക് മാറ്റിവച്ച് ഖാര്‍ഗയെ തന്നെ പ്രതിപക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കുമെന്നാണ് വിവരം.

അതേസമയം ഭാരത് ജോഡോ യാത്ര തുടരേണ്ടതിനാല്‍ ബുധനാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തേക്കില്ല.