ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും രാജ്യസഭാ പ്രതിപക്ഷ നേതാവാകുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സോണിയാ ഗാന്ധി യോഗം വിളിച്ചു.
രാജ്യസഭയില്‍നിന്ന് ഖാര്‍ഗെ, ജയ്റാം രമേശ്, കെ.സി.വേണുഗോപാല്‍ എന്നിവരെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. രാജ്യസഭാ പ്രതിപക്ഷനേതാവിനെ പരിഗണിക്കുമ്പോള്‍ മുന്‍ നിരയിലുള്ള ദിഗ് വിജയ് സിംഗ്, പി.ചിദംബരം തുടങ്ങിയവര്‍ക്ക് യോഗത്തില്‍ ക്ഷണമില്ല.
ഇരട്ടപദവി പാടില്ലെന്ന പാര്‍ട്ടി നയം തത്ക്കാലത്തേയ്ക്ക് മാറ്റിവച്ച് ഖാര്‍ഗെ വീണ്ടും രാജ്യസഭാ പ്രതിപക്ഷസ്ഥാനത്ത് വന്നേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസില്‍ വന്‍ എതിര്‍പ്പുണ്ടായേക്കും.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഗാന്ധി കുടുംബത്തിന്റെ പട്ടികയില്‍ പ്രഥമസ്ഥാനത്തുണ്ടായിരുന്ന ആളാണ് അശോക് ഗെഹ്ലോട്ട്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഗെഹ്ലോട്ട് വിസമ്മതിച്ചിരുന്നു.
ഇരട്ടപദവി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച് നിന്നതോടെയാണ് ഗെഹ്ലോട്ട് മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയത്. പിന്നാലെയാണ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഖാര്‍ഗെയെ പരിഗണിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷപദവി രാജി വയ്ക്കുകയായിരുന്നു.
ഖാര്‍ഗെ വീണ്ടും രാജ്യസഭാ പ്രതിപക്ഷനേതാവാകുമെന്ന് റിപ്പോര്‍ട്ട്
01:06 PM Dec 02, 2022 | Deepika.com