ചെങ്ങന്നൂരില്‍ ട്രെയിനില്‍നിന്ന് വീണ അയ്യപ്പഭക്തന് ഗുരുതരപരിക്ക്

12:54 PM Dec 02, 2022 | Deepika.com
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ട്രെയിനില്‍നിന്ന് വീണ അയ്യപ്പഭക്തന് ഗുരുതരപരിക്കേറ്റു. തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് (53) അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്.

പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കറുപ്പുസ്വാമി ഉറക്കത്തിലായതിനാല്‍ സ്റ്റേഷന്‍ എത്തിയത് അറിഞ്ഞില്ല. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങിയപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.

ചവിട്ടുപടിഭാഗം മുറിച്ചുമാറ്റിയാണ് ആര്‍പിഎഫും അഗ്നിരക്ഷാ സേനയും കറുപ്പുസ്വാമിയെ പുറത്തെടുത്തത്. ആന്തരീക അവയവങ്ങള്‍ക്കും മുറിവേറ്റ കറുപ്പുസ്വാമിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.