സിദ്ദു മൂസെവാല വധം; ഗോള്‍ഡി ബ്രാര്‍ കാലിഫോര്‍ണിയയില്‍ പിടിയിലായതായി സൂചന

11:35 AM Dec 02, 2022 | Deepika.com
അമൃത്സർ:സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ മുഖ്യ സൂത്രധാരൻ ഗോള്‍ഡി ബ്രാര്‍ യുഎസിലെ കാലിഫോര്‍ണിയയില്‍ പിടിയിലായതായി സൂചന. കഴിഞ്ഞ നവംബര്‍ 20ന് ഇയാള്‍ അറസ്റ്റിലായതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കനേഡിയന്‍ ഗുണ്ടാ നേതാവായ ഗോള്‍ഡി ബ്രാറിനെ വിട്ടുകിട്ടാന്‍ എന്‍ഐഎ ശ്രമം നടത്തിയേക്കും. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെ വാല കഴിഞ്ഞ മേയ് 23നാണ് കൊല്ലപ്പെട്ടത്.

മൂസെ വാല ഉള്‍പ്പെടെയുള്ളവരുടെ വിഐപി സുരക്ഷ പഞ്ചാവ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇതിനു പിന്നാലെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി.

ഗോള്‍ഡി ബ്രാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 2 കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കണമെന്ന് മൂസെ വാലയുടെ പിതാവ് അടുത്തയിടെ ആവശ്യമുന്നയിച്ചിരുന്നു. സര്‍ക്കാരിന് ഈ തുക നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.