കൊച്ചി: പാറശാല സ്വദേശി ഷാരോണ്‍ രാജിനു കഷായത്തില്‍ വിഷം ചേര്‍ത്തു കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതിയായ കാമുകി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല കുമാരന് നായര്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ രണ്ടും മൂന്നും പ്രതികളായ ഇവരുടെ ജാമ്യാപേക്ഷ ജസ്റ്റീസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് പരിഗണിച്ചത്.
ഹര്‍ജിക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിനു പുറമെ തെളിവു നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോടു പിന്മാറാന് ആവശ്യപ്പെട്ടു. ഇതിനു തയാറാകാതെ വന്നതോടെ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തെന്നാണ് കേസ്.
ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഷാരോണ്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. നേരത്തെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഷായത്തില്‍ വിഷം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
09:56 PM Nov 30, 2022 | Deepika.com