പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖയാണ് (44 ) മരിച്ചത്.
അമിത വേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ലേഖയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി.
ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ബന്ധുവായ പനമറ്റം അഞ്ജുഭവനിൽ അർജുൻ കൃഷ്ണൻ (22)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ ഇരുവരും സംസ്ഥാന പാതയിൽ നിന്ന് വീട്ടിലേയ്ക്ക് തിരിഞ്ഞ് കയറുന്നതിനിടെ പിന്നിൽനിന്നും അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലേഖ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പത്തനാപുരത്ത് നിന്ന് കൈതച്ചക്ക കയറ്റി വാഴക്കുളത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ വടക്കാഞ്ചേരി മംഗലം സ്വദേശി നന്ദനത്തിൽ ഗീരീഷി(48)നെ പൊൻകുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.
പൊൻകുന്നത്ത് വാഹനാപകടം: സ്ത്രീക്ക് ദാരുണാന്ത്യം
07:22 PM Nov 30, 2022 | Deepika.com