കോട്ടയം: രാഷ്ട്രദീപിക സായാഹ്നദിനപ്പത്രത്തിന്റെ 30-ാം വാർഷികാഘോഷം കോട്ടയത്തു നടന്നു. കോടിമത വിൻസർ കാസിൽ ഹോട്ടലിൽ നടന്ന ആഘോഷ പരിപാടികൾ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. വാർത്തയിൽ എപ്പോഴും വിശ്വാസ്യത ഉറപ്പുവരുത്താൻ രാഷ്ട്രദീപികയ്ക്ക് കഴിയുന്നതായി അദ്ദേഹം പറഞ്ഞു.
പെയ്ഡ് ന്യൂസും ഫേക്ക് ന്യൂസുകളും സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്പോൾ അതിനെ പ്രതിരോധിക്കാനും യഥാർഥ വാർത്ത ജനങ്ങളിലെത്തിക്കാനും രാഷ്ട്രദീപികയ്ക്ക് കഴിയാറുണ്ട്. സോഷ്യൽ മീഡിയായുടെ അതിപ്രസരത്തിൽ എല്ലാവരും എഡിറ്ററും ജേർണലിസ്റ്റുകളും ആകുന്പോൾ രാഷ്ട്രദീപിക ശരിയായ വീക്ഷണം പ്രചരിപ്പിച്ച് വ്യക്തിത്വം നിലനിർത്താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ചലച്ചിത്രതാരം കലാഭവൻ പ്രജോദ് എന്നിവർ പ്രസംഗിച്ചു. ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ സ്വാഗതവും ജനറൽ മാനേജർ മാർക്കറ്റിംഗ് കെ.സി. തോമസ് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ വിജയം കൈവരിച്ച് സമൂഹത്തിനു മാതൃകയും പ്രചോദനവുമായി മാറിയ പ്രമുഖവ്യക്തികളെ ആഘോഷ പരിപാടികളുടെ ഭാഗമായി ആദരിച്ചു. കലാഭവൻ പ്രജോദ്, ഇടിമണ്ണിക്കൽ ജ്വല്ലറി മാനേജിംഗ് പാർട്ണർ ഷാജി തോമസ്, സാജ്കോ എൻജിനീയറിംഗ് വർക്സ് പ്രൊപ്രൈറ്റർ സാജൻ സി ആൻഡ്രൂസ്, ഓവർസീസ് ഐ എഡ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ സിഇഒ അഘിലേഷ് എസ്. പിള്ള, പ്ലാന്റർ ജോഷ് ജോസഫ് മണ്ണിപ്പറന്പിൽ, എൽബാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.എസ്. കുര്യാച്ചൻ, വല്ലഭശേരി റിസേർച്ച് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ബിനോയി വല്ലഭശേരി, ക്രിസ്തുരാജ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എം.സി.സിറിയക്, അധ്യാപിക മിനി എം. മാത്യു, കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രി ഓർത്തോപീഡിക് സർജൻ ഡോ. ജിജോ ജോസ്, റാന്നി അത്തിക്കയം ജെ.ജെ. ഗാർഡൻസ് പ്രൊപ്രൈറ്റർ ജോസഫ് കരിക്കുന്നേൽ എന്നിവർക്ക് എക്സലൻസ് അവാർഡുകൾ ജോസ് കെ. മാണി എംപി സമ്മാനിച്ചു.
വാർത്തയിൽ വിശ്വാസ്യത രാഷ്ട്രദീപിക ഉറപ്പുവരുത്തുന്നു: ജോസ് കെ. മാണി
03:12 PM Nov 30, 2022 | Deepika.com