ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദവും ഐഎസ്ഐസില്നിന്ന് പ്രചോദനം ഉള്‍കൊണ്ടുകൊണ്ടുള്ള തീവ്രവാദവും മാനവരാശിക്ക് ഭീഷണിയായി തുടരുന്നെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയിലുംഇന്ഡോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ ഉലമയുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.
ഇന്ത്യയും ഇന്‍ഡോനേഷ്യയും തീവ്രവാദത്തിന്റെയും വിഭജനത്തിന്റെയും ഇരകളാണ്. ഐഎസില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ നേരിടണമെങ്കില്‍ സമൂഹത്തിന്റെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദവും മതത്തിന്റെ ദുരുപയോഗവും ഒരുതരത്തിലും നീതികരിക്കാനാവുന്നതല്ല. തീവ്രവാദവും ഭീകരവാദവും ഇസ്ലാംമതത്തിനെതിരാണ്. ഇസ്ലാം എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് സമാധാനം, സുസ്ഥിതി എന്നൊക്കെയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഒരു മനുഷ്യനെ കൊല്ലുന്നത് മാനവരാശിയെ മുഴുവന്‍ കൊല്ലുന്നതിന് തുല്ല്യമാണെന്നാണ് ഖുറാന് പഠിപ്പിക്കുന്നത്. സ്വന്തം അഹങ്കാരത്തിനും വികാരങ്ങള്‍ക്കും എതിരെയുള്ള ജിഹാദാണ് ഇസ്ലാംമതം പഠിപ്പിക്കുന്നത്. മറിച്ച് നിരപരാധികള്‍ക്കെതിരെയുള്ള ജിഹാദല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തീവ്രവാദവും ഭീകരവാദവും ഇസ്ലാമിനു ചേര്‍ന്നതല്ല; അജിത് ഡോവല്‍
04:27 PM Nov 29, 2022 | Deepika.com