ഗു​ണ്ടാസംഘങ്ങൾക്ക് ഭീ​ക​ര ബ​ന്ധം; അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

10:24 AM Nov 29, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍​ക്ക് അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ 20 ഇ​ട​ങ്ങ​ളി​ലുള്ള ഗുണ്ടാ കേന്ദ്രങ്ങളിലാണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.

യു​പി, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്. രാ​ജ്യ​ത്തെ 102 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന റെ​യ്ഡി​ല്‍ ഗു​ണ്ടാ സം​ഘ​ത്തി​ല്‍​പെ​ട്ട ചി​ല​രെ എ​ന്‍​ഐ​എ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തീ​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അധോലോക നേതാവ് ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യിയുടെ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഇ​വ​ര്‍​ക്ക് ഐ​എ​സ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന നി​ര്‍​ണാ​യ​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ്. ഇ​ത്ത​രം ഗു​ണ്ടാ സം​ഘ​ങ്ങ​ളെ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി എ​ന്‍​ഐ​എ ക​ണ്ടെ​ത്തി. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന പ​ണം ഇ​വ​ര്‍ വ​ഴി​യാ​ണ് കൈ​പ്പ​റ്റു​ന്ന​തെ​ന്നും എ​ന്‍​ഐ​എക്ക് സൂചന ലഭിച്ചിട്ടുണ്ട്.