ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് നടത്തുന്ന 12 മണിക്കൂർ ഹർത്താൽ ഇടുക്കിയിൽ പൂർണം.
കട്ടപ്പന, കുമളി ടൗണുകളിൽ തുറന്ന ധനകാര്യ സ്ഥാപനങ്ങളും കടകളും സമരാനുകൂലികൾ ബലംപ്രയോഗിച്ച് അടപ്പിച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ മാത്രമാണ് നടത്തിയത്. സ്വകാര്യ വാഹനങ്ങൾ പലയിടത്തും സമരക്കാർ തടഞ്ഞെങ്കിലും ഹർത്താലിനോട് സഹകരിക്കണം എന്ന് നിർദേശിച്ച് വിട്ടയച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്നും പൂർണമായും ഒഴിവാക്കിയിരുന്നു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും സർക്കാർ തയാറാകുന്നില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ജില്ലയിലെ യുഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നൽകി.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം നിശ്ചയിച്ചിരുന്നതാണ്. ഹർത്താൽ പ്രഖ്യാപിച്ചതോടെ യോഗം മാറ്റിവയ്ക്കുകയായിരുന്നു.
ഇടുക്കിയിലെ യുഡിഎഫ് ഹർത്താൽ പൂർണം
02:29 PM Nov 28, 2022 | Deepika.com