ബംഗളൂരില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

09:33 AM Nov 28, 2022 | Deepika.com
ബംഗളൂരു: സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബംഗളൂരില്‍ അറസ്റ്റിലായി. ബംഗളൂരു കണ്ണൂരിലെ താമസക്കാരനായ രാഹുല്‍ പരമര്‍ ആണ് ബുധനാഴ്ച ബംഗളൂരു കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. ഗുജറാത്ത് സ്വദേശിയാണിയാള്‍.

കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ ഇയാളുടെ മകള്‍ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിന്‍ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാള്‍ക്ക് നഷ്ടപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാഹുല്‍ പദ്ധതിയിട്ടത്.

ഇതിനായി 15ന് രാവിലെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ കോലാറിലേക്ക് പോയി. കോലാറിലെ കെണ്ടാട്ടി തടാകത്തില്‍ ജിയയുമായി ചാടിയെങ്കിലും ആഴമില്ലാത്തതിനാല്‍ ഇയാള്‍ മരിച്ചില്ല.

മകളെ മുക്കി കൊന്നശേഷം ട്രെയിന് മുന്നില്‍ ചാടാനായി തീരുമാനിച്ചെങ്കിലും ഭയം നിമിത്തം മരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്‍മാറി.

തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇയാൾ ട്രെയിനില്‍ യാത്ര ചെയ്തു. തന്‍റെ ബാഗും പണവും ആരോ മോഷ്ടിച്ചെന്ന് പറഞ്ഞ് രാഹുല്‍ ഭക്ഷണവും പണവും സഹയാത്രികരില്‍ നിന്ന് വാങ്ങിയിരുന്നു.

ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രാഹുലിന്‍റെ ഭാര്യ ഭവ്യ പരമര്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ കെണ്ടേട്ടി തടാകത്തിന് സമീപം കണ്ടെത്തി രാഹുലിന്‍റെ കാര്‍ പോലീസ് കണ്ടെത്തി. കുട്ടിക്കൊപ്പം ഇയാളും മരിച്ചിരിക്കാമെന്ന് സംശയം തോന്നിയ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

മൂന്നു ദിവസത്തിന് ശേഷം, തന്നെയും ജിയയെയും ചില അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് രാഹുല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കുടുംബാംഗത്തെ വിളിച്ചു. ബെംഗളൂരുവിലേക്ക് മടങ്ങാന്‍ കുറച്ച് പണവും അവരോട് ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചതോടെ ഇയാൾ പിടിയിലാവുകയായിരുന്നു.