കൊച്ചി: ശശി തരൂരിനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനും മാത്യു കുഴല്‍നാടനും കെ.എസ്. ശബരിനാഥനും. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തരൂരിനെ കേള്‍ക്കാന്‍ ഒരുപാടുപേര് കാത്തിരിക്കുന്ന സമയമാണിതെന്നും ഹൈബി ഈഡന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് തരൂരെന്നും തരൂരിന്റെ കഴിവ് കോണ്‍ഗ്രസ് ഉപയോഗിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരെയും സൈഡ് ബെഞ്ചില്‍ ഇരുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന് ആവശ്യപ്പെട്ടു.
തരൂരിനെക്കുറിച്ച് ജനത്തിന് ബോധ്യമുണ്ട്. നെഹ്റുവിനെയും അംബേദ്കറെയും കുറിച്ച് പുസ്തകമെഴുതിയ ഏക നേതാവാണ് തരൂരെന്നും ശബരീനാഥന് പറഞ്ഞു.
ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് എന്നും സ്റ്റാര്‍ ആകുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസില്‍ ഒട്ടേറെ ഫോര്‍വേഡുകളുണ്ട്. പക്ഷെ ഗോളി ശരിയല്ലെങ്കില്‍ കളി തോല്‍ക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നമ്മുടെ ഗോളി. അവരെ നിരാശപ്പെടുത്തുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; പുകഴ്ത്തി യുവനേതാക്കൾ
02:08 PM Nov 27, 2022 | Deepika.com