കൊച്ചി: പ്രഫഷണൽ കോൺഗ്രസ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുമെന്നായിരുന്നു സുധാകരൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വാർത്ത വിവാദമായതോടെ തീരുമാനം മാറ്റുകയായിരുന്നെന്നാണ് അറിയുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് നേരിട്ട് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതയ്ക്കിടെ കെ.സുധാകരൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന വാർത്ത വലിയ ചർച്ചയായിരുന്നു. തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി. അതേസമയം പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കും.
ഞായറാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തരൂരും സുധാകരനും ഒന്നിച്ച് പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച ഉ ച്ചയോടെ പരിപാടിയിൽ നിന്ന് പിന്മാറുന്നതായി സുധാകരൻ അറിയിച്ചു.
മാത്യു കുഴൽനാടൻ, എസ്. എസ്. ലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന കോൺക്ലവിലെ മുഖ്യ പ്രഭാഷകനാണ് തരൂർ. നഗരത്തിലെ സ്വകാര്യ ഹോട്ട ലിൽ മൂന്ന് സെഷനുകളായി നടത്തുന്ന പരിപാടിയിൽ, തരൂരിന്റെ സാന്നിധ്യമില്ലാത്ത ലീഡേഴ്സ് ഫോറത്തിൽ പ്രഭാഷകനായി എത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിട്ടുണ്ട്.
പ്രഫഷണൽ കോൺഗ്രസ്! കോൺക്ലേവിൽ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് കെ. സുധാകരൻ
06:33 PM Nov 26, 2022 | Deepika.com