കോതിയില്‍ ഇന്നും ജനകീയ പ്രതിഷേധം; കുട്ടിക്കുനേരെയും പോലീസ് ബലപ്രയോഗം

10:33 AM Nov 24, 2022 | Deepika.com
കോഴിക്കോട്: കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം.

റോഡില്‍ ടയര്‍ കത്തിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

റോഡിൽ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളെ വലിച്ചിഴച്ച് മാറ്റി. ഇവരെ ബലം പ്രയോഗിച്ച് നീക്കുന്നതിനിടയില്‍ ഒരു കുട്ടിക്ക് പോലീസിന്‍റെ മര്‍ദനമേറ്റെന്നു നാട്ടുകാര്‍ ആരോപിച്ചു.

നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാൻ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.