ദോഹ: സമത്വവും നാനാത്വവും വിളിച്ചോതാനായി ലോകകപ്പ് ജഴ്സിയിൽ "ലവ്' ക്യാന്പെയ്ൻ ചിഹ്നം ഉൾപ്പെടുത്താനുള്ള ബെൽജിയൻ ടീമിന്റെ നീക്കത്തിന് തടയിട്ട് ഫിഫ. ജഴ്സിയിലെ ചിഹ്നം വാണിജ്യ സംഗീതനിശയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ ഈ നീക്കം.
ലോക വേദികളിലെ ജേഴ്സികളിൽ മാറ്റം വരുത്താൻ മുൻകൂർ അനുമതി വാങ്ങണമെന്ന് നിയമം ചൂണ്ടിക്കാട്ടിയും വാണിജ്യ സംഗീത നിശയുമായി ബന്ധപ്പെടുത്തി നടത്തിയ ജേഴ്സി ലോഞ്ച് ചടങ്ങ് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞുമെന്നാണ് ഈ തീരുമാനം എടുത്തത്.
ഇതോടെ ടീമിന്റെ രണ്ടാം കിറ്റായി നിശ്ചിയിച്ചിരുന്ന "ലവ്' ക്യാന്പെയ്ൻ ചിഹ്നം ആലേഖനം ചെയ്തിരുന്ന വെള്ള ജേഴ്സി ബെൽജിയം ഉപേക്ഷിച്ചു. എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും പരന്പരാഗത ചുവപ്പ് ജേഴ്സിയിൽ അണിനിരക്കാനാണ് ടീമിന്റെ തീരുമാനം.
ലിംഗനീതി ഉറപ്പാക്കാനും സമത്വ സന്ദേശം പ്രചരിപ്പിക്കാനുമായി ഉൾപ്പെടുത്തിയ ചിഹ്നം വിലക്കിയത് യാഥാസ്ഥിതിക നിലപാടുകളുള്ള ആതിഥേയ രാജ്യത്തെ പ്രീണിപ്പിക്കാനാണെന്ന ആരോപണം ആരാധകർ ഉന്നയിച്ച് കഴിഞ്ഞു.
ക്വീയർ അവകാശങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി ടീമുകൾ ധരിക്കാൻ നിശ്ചിയിച്ചിരുന്ന "വൺ ലവ്' മഴവിൽ ആം ബാൻഡുകൾ നിയമവിരുദ്ധമാണെന്ന് തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെയാണ് ബെൽജിയത്തിന് എതിരെ ജേഴ്സി കുരുക്ക് ഫിഫ മുറുക്കിയത്. ബാൻഡ് ധരിക്കുന്ന ടീം നായകന്മാർക്ക് മഞ്ഞ കാർഡ് നൽകാനാണ് ഫിഫയുടെ നീക്കം.
ജേഴ്സിയിൽ "ലവ്' വേണ്ട; ബെൽജിയത്തെ തടുത്ത് ഫിഫ
11:59 AM Nov 22, 2022 | Deepika.com