തമിഴ്നാട് 506/2; ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റിക്കാര്‍ഡുകളില്‍ ആറാടി നാരായണ്‍ ജഗദീശന്‍

02:22 PM Nov 21, 2022 | Deepika.com
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍ പ്രദേശിനെതിരെ പുതുചരിത്രമെഴുതി തമിഴ്നാട്. ഓപ്പണര്‍മാരായ നാരായണ്‍ ജഗദീശന്‍റെയും ബി. സായ് സുദര്‍ശന്‍റെയും മികവില്‍ 50 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സാണ് അവര്‍ നേടിയത്.

ഗ്രൂപ്പ് സി മത്സരത്തില്‍ തമിഴ്നാടിനെതിരെ ടോസ് നേടിയ അരുണാചല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുപിടി റിക്കാര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ തമിഴനാടിന്‍റെ ഓപ്പണര്‍മാരായ എന്‍. ജഗദീശന്‍ 141 പന്തുകളില്‍ നിന്നായി 277 റണ്‍സ് നേടി.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറിയാണിത്. 25 ഫോറുകളും 15 സിക്സറുകളുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ബി. സായ് സുദര്‍ശന്‍ 102 പന്തുകളില്‍ നിന്നും 154 റണ്‍സ് നേടി. 19 ഫോറുകളും രണ്ട് സിക്സറുകളുമാണ് അദ്ദേഹം അടിച്ചുകൂട്ടിയത്.

റിക്കാര്‍ഡ് തീര്‍ത്ത ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ 416 റണ്‍സാണ് ഇവര്‍ നേടിയത്. 2014ലെ ഡോള്‍ഫിനും നൈറ്റ്സും തമ്മിലെ മത്സരത്തില്‍ എം.വാന്‍ വൈക്കും കാമറൂണ്‍ ഡെല്‍പോര്‍ട്ടും നേടിയ 367 റണ്‍സാണ് പഴങ്കഥയായത്.

പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് നാരായണ്‍ ജഗദീശന്‍ തിങ്കളാഴ്ച സ്വന്തമാക്കിയത്. 2002ല്‍ ഗ്ലാമോര്‍ഗനെതിരെ അലിസ്റ്റര്‍ ബ്രൗണ്‍ നേടിയ 268 റണ്‍സായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന സ്കോര്‍.

2007 ലെ ശ്രീലങ്കന്‍ വനിതാ ഏകദിന ടൂര്‍ണമെന്‍റില്‍ പുഷ്പദാന വനിതകള്‍ക്കെതിരെ ശ്രീപാലി വീരക്കൊടി നേടിയ 271 റണ്‍സും മറികടന്ന ജഗദീശ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറിന്‍റെ ഉടമയായി.

വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ 500 കടക്കുന്ന ആദ്യ ടീമായി തമിഴ്നാട്. തുടര്‍ച്ചയായ അഞ്ചാം ശതകത്തിലൂടെ ഏറ്റവും കൂടുതല്‍ ശതകങ്ങള്‍ നേടിയ റിക്കാര്‍ഡും ജഗദീശ് സ്വന്തമാക്കി.

2014-15ല്‍ കുമാര്‍ സംഗക്കാര, 2015-16ല്‍ അല്‍വിറോ പീറ്റേഴ്സണ്‍, 2020-21ല്‍ ദേവദത്ത് പടിക്കല്‍ എന്നിവര്‍ തുടര്‍ച്ചയായി നാല് ശതകങ്ങള്‍ നേടിയിരുന്നു.

141 പന്തില്‍ 277 റണ്‍സ് നേടിയ ജഗദീശന്‍റെ സ്ട്രൈക്ക് റേറ്റ് (196.4) ഏതൊരു ഡബിള്‍ സെഞ്ച്വറിയുടെയും ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണ്. 2021ല്‍ ക്വീന്‍സ്‌ലന്‍ഡിനെതിരെ 127 പന്തില്‍ 230 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് നേടിയ 181.1 ആയിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്.

അരുണാചലിനെതിരായി ആദ്യ വിക്കറ്റില്‍ ജഗദീശനും സായി സുദര്‍ശനും തീര്‍ത്തത് പുരുഷന്മാരുടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏത് വിക്കറ്റിനും 400 റണ്‍സ് കൂട്ടുകെട്ട് പങ്കിടുന്ന ആദ്യ ജോഡി എന്ന റിക്കാര്‍ഡ് കൂടിയാണ്.

2015ല്‍ സിംബാബ്‌വയ്ക്കെതിരെ രണ്ടാം വിക്കറ്റില്‍ ക്രിസ് ഗെയ്‌ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന് നേടിയ 372 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന കൂട്ടുകെട്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ കളിക്കാരനും ഇനി ജഗദീശനാണ്.

2019-20 സീസണില്‍ ജാര്‍ഖണ്ഡിനെതിരെ യശസ്വി ജയ്സ്വാള്‍ നേടിയ 12 സിക്സറുകളാണ് ഇതിന് മുമ്പുള്ള റിക്കാര്‍ഡ്. ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ 799 റണ്‍സാണ് ജഗദീശന്‍ നേടിയിട്ടുള്ളത്. 2020- 21 സീസണില്‍ പൃഥ്വി ഷായുടെ 827 റണ്‍സാണ് ഒരു പതിപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ്.