കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി: തലശേരി ജനറൽ ആശുപത്രിക്കെതിരേ കുടുംബം

01:44 PM Nov 21, 2022 | Deepika.com
തലശേരി: ഫുട്ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റി. കുട്ടിയെ ചികിത്സിച്ച തലശേരി ഗവ. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് കുട്ടിയുടെ കൈ മുറിച്ചു മാറ്റാനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്‍റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് സുൽത്താൻ.

ഒക്ടോബർ 30 ന് വൈകുന്നേരം വീടിന് സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ തകരാറായിരുന്നു. എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയിലെ രണ്ട് എല്ലുകൾ പൊട്ടിയിരുന്നു. അന്ന് എക്സ്റേ അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു.

തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടിയെങ്കിലും കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ ശസ്ത്രക്രിയ നിർദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി. തുടർന്ന് അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് ഡോക്ടർ മാർ അറിയിച്ചു. പിന്നീട് നവംബർ 11 ന് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുൽത്താനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ലെന്നും ആരോപണമുണ്ട്. മെഡിക്കൽ കോളജിൽ വച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റിയത്. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്‍റ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടായെന്നും ശസ്ത്രക്രിയ ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം രക്തം വാർന്നുപോവുകയും ചെയ്തു. രക്തം വാർന്ന് പോയില്ലെങ്കിൽ കൈ രക്ഷിക്കാൻ കഴിയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.