കണ്ണൂർ: മലബാർ പര്യടനത്തിന്റെ ഭാഗമായി ശശി തരൂർ കണ്ണൂരിൽ 23ന് പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിൽക്കില്ല. പരിപാടിയിൽ യൂത്ത് കോൺഗ്രസ് പങ്കെടുക്കുന്നതിനൊപ്പം തരൂരിനെ പങ്കെടുപ്പിച്ച് മറ്റു പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യൂത്ത് കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.
മലബാർ പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച തരൂർ കോഴിക്കോട് നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബഹിഷ്കരിച്ചിരുന്നെങ്കിലും റിജിൽ മാക്കുറ്റി പങ്കെടുത്തിരുന്നു. കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ നടപടികളെ ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
കണ്ണൂരിലെ ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് ജില്ലാ നേതൃത്വം അനൗദ്യോഗിക തീരുമാനമെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പരിപാടിയെക്കുറിച്ച് അറിയിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. എന്നാൽ പരിപാടിയിൽനിന്ന് വിട്ടുനിൽക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവിൽ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
കണ്ണൂരിൽ തരൂരിന്റെ പരിപാടിയിൽ യൂത്ത് കോൺഗ്രസ് പങ്കെടുക്കും: റിജിൽ മാക്കുറ്റി
08:36 PM Nov 20, 2022 | Deepika.com