ലക്നോ: നാല് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാമുകിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവയ്പ്പിലൂടെ കീഴടക്കി. ലക്നോ സ്വദേശിയായ സൂഫിയാനാണ് പിടിയിലായത്.
ദുബഗ്ഗ സ്വദേശിയായ നിധി ഗുപ്തയെന്ന യുവതിയെ ചൊവ്വാഴ്ച്ചയാണ് സൂഫിയാൻ കൊലപ്പെടുത്തിയത്. പ്രദേശത്തെ കെട്ടിടത്തിന് മുകൾ നിലയിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ പ്രതി യുവതിയെ തള്ളിയിടുകയായിരുന്നു. യുവതി മരിച്ചതിനെത്തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ലക്നോ നഗരത്തിന് സമീപത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങവേ സൂഫിയാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് പോലീസ് ഇയാളുടെ കാലിന് നേർക്ക് വെടിയുതിർത്തത്. പരിക്കേറ്റ കെജിഎംയു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലപാതകം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കാമുകിയെ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയിൽ
03:22 PM Nov 18, 2022 | Deepika.com