മാനം മുട്ടെ അഭിമാനം..! ഇന്ത്യയുടെ വിക്രം-എസ് വിക്ഷേപണം വിജയകരം

02:50 PM Nov 18, 2022 | Deepika.com
ശ്രീഹരിക്കോട്ട: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു കാൽവയ്പ്പുമായി ഇന്ത്യ. സ്വകാര്യമേഖലയിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് വിക്ഷേപണം വിജയകരം. വെള്ളിയാഴ്ച രാവിലെ 11.30ന് സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് വിക്ഷേപിച്ച റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിയശേഷം വിജയകരമായി കടലിൽ പതിച്ചു.

ഹൈദരാബാദ് ആസ്ഥാനായ സ്കൈറൂട്ട് എയ്റോസ്പേസ് എന്ന സ്റ്റാർട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്. ‘പ്രാരംഭ്’ എന്നാണു ദൗത്യത്തിനു കന്പനി നല്കിയിരിക്കുന്ന പേര്. ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വികസിപ്പിച്ച 2.5 കിലോഗ്രാം ഭാരം വരുന്ന ഫൺ-സാറ്റ് ഉൾപ്പെടെ മൂന്നു ഉപഗ്രഹങ്ങളാണ് വിക്രം-എസ് വഴി വിക്ഷേപിച്ചത്.

ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണെന്നതാണ് ശ്രദ്ധേയം. ലോകരാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നേട്ടത്തെ ഉറ്റുനോക്കുകയാണ്. നാല് വ‍ർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമായത്. ദൗത്യം വിജയിച്ചതോടെ വരും വ‍ർഷങ്ങളിൽ കൂടുതൽ കരുത്തനായ വിക്ഷേപണവാഹനങ്ങൾ വിക്രത്തിന്‍റേതായി എത്തും.