കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു

12:21 PM Nov 16, 2022 | Deepika.com
തിരുവനന്തപുരം: വ്യാഴാഴ്ച ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചികിത്സയിൽ ആയതിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് വിശദീകരണം.

അതേസമയം, കെ. സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗം ഇന്ന് ചേരും. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ 11നാണ് യോഗം.

നേരത്തേ, കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച് കെ.സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പിന്തുണ തനിക്ക് കിട്ടുന്നില്ലെന്നും സുധാകരന്‍റെ കത്തില്‍ പറയുന്നു.

രണ്ട് ദിവസം മുമ്പ് അയച്ച കത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍എസ്എസ് പരാമര്‍ശത്തിന്‍റെ പേരില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയെ അറിയിച്ചിരുന്നു. ഇക്കാര്യം നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് വിവരം.