തലസ്ഥാനം സ്തംഭിപ്പിച്ച് എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച്; ഗവർണർ സ്ഥലത്തില്ല

10:50 AM Nov 15, 2022 | Deepika.com
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് തുടങ്ങി. ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാർച്ച് മ്യൂസിയം ജംഗ്ഷനിൽനിന്നാണ് തുടങ്ങിയത്. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.

എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ വളയല്‍ സമരം നടക്കവെ ഗവർണർ സ്ഥലത്തില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഗവർണർ ഡൽഹിയിൽ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

എൽഡിഎഫ് സമരത്തെ തുടർന്ന് തലസ്ഥാന നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. രാജ്ഭവന് സമീപത്തെ സ്കൂളുകളും പ്രവർത്തിക്കുന്നില്ല. അതേസമയം, പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല.