"ആർഎസ്എസിനെ അനുകൂലിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല'; സുധാകരനെ സംരക്ഷിച്ച് ആന്‍റണി

03:28 PM Nov 14, 2022 | Deepika.com
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ ആർഎസ്എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. സുധാകരന്‍റെ വാക്കുകൾ ചിലർ വളച്ചൊടിക്കുകയായിരുന്നു. ആർഎസ്എസിനെ അനുകൂലിച്ച് അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാക്കാലത്തും ആർഎസ്എസിനെതിരേ ശക്തമായ നിലപാട് എടുക്കുന്നത് കോൺഗ്രസാണ്. രാഹുൽ ഗാന്ധിക്കെതിരേ നിരന്തരം പരാതി കൊടുക്കുന്നതും ആർഎസ്എസ് ആണെന്നും ആന്‍റണി വിമർശിച്ചു. സംഘടനാ കെഎസ്‌യു പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശമാണ് വിവാദമായത്.

സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ രംഗത്തെത്തിയിരുന്നു. സുധാകരന്‍റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ മുസ്ലീം ലീഗിന് ആയിട്ടില്ലെന്ന് മുനീര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ചിന്തയുള്ളവര്‍ പാര്‍ട്ടി വിട്ട് പോകണമെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞിട്ടുള്ളത്. ആര്‍എസ്എസിനെ ന്യായീകരിക്കുന്ന രീതിയിലുള്ള പ്രസ്താവന സുധാകരന്‍ നടത്തരുതായിരുന്നെന്നും മുനീര്‍ കൂട്ടിചേര്‍ത്തു.