കണ്ണൂർ: ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രാലിറ്റി) ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോറങ്ങൾ പുതുക്കുന്നു.
ഇനിമുതൽ അപേക്ഷാഫോറങ്ങളിൽ ഭർത്താവിന്റെ/ഭാര്യയുടെ പേര് എന്ന കോളം ഇല്ലാതാകും. പകരം ജീവിതപങ്കാളിയുടെ പേര് എന്ന രീതിയിൽ കോളം പരിഷ്കരിക്കും.
രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ടുപേരുടെയോ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഓപ്ഷൻ അനുവദിക്കും. അവൻ/അവന്റെ, എന്നുമാത്രം ഉപയോഗിക്കുന്നതിന് പകരം ഈ കോളം അവന്റെ/അവളുടെ എന്നനിലയിൽ മാറും.
അപേക്ഷാഫോറങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പ് എല്ലാ വകുപ്പിനും നിർദേശം നൽകിക്കഴിഞ്ഞു. പരന്പരാഗതമായി ഉപയോഗിച്ചുപോന്ന സർക്കാർ അപേക്ഷാ ഫോമുകൾ ഉപയോഗിക്കുന്നതിൽ ട്രാൻസ് ജെൻഡർ വിഭാഗക്കാർ, വിവാഹമോചനം നേടാതെ അകന്നുകഴിയുന്ന ദന്പതികൾ, മാതാപിതാക്കളുമായി അകന്നുകഴിയുന്നവർ എന്നിവർ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലും കൂടിയാണ് ഫോമുകൾ പരിഷ്കരിക്കുന്നത്.
സർക്കാർ ഫോമുകളിൽ ഇനി ഭാര്യയും ഭർത്താവുമില്ല, "പങ്കാളി' മാത്രം
07:26 AM Nov 13, 2022 | Deepika.com