ഹിമാചലില്‍ വോട്ടെടുപ്പ് ശനിയാഴ്ച

10:06 AM Nov 11, 2022 | Deepika.com
ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭായിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച. രണ്ടാഴ്ചയിലധികം നീണ്ട പരസ്യ പ്രചാരണ ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം മാത്രം.

തുടര്‍ ഭരണം ലക്ഷ്യംവച്ച് ബിജെപിയും ഭരണം തിരിച്ചു പിടിക്കാനായി കോണ്‍ഗ്രസുമാണ് മുഖ്യമായി മത്സര രംഗത്തുള്ളത്. കരുത്ത് തെളിയിക്കാന്‍ ഇത്തവണ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പ്രചാരണത്തിനായി എത്തിയിരുന്നു.

68 അംഗ നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടര്‍മാര്‍ 400 ലധികം സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 1985 മുതല്‍ ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനമാണ് ഹിമാചല്‍.