മ്യാ​ന്‍​മ​റി​ല്‍ ത​ട​വി​ലാ​യി​രു​ന്ന ഒ​ന്‍​പ​ത് പേ​ര്‍ നാ​ട്ടി​ലെ​ത്തി; സംഘത്തിൽ മ​ല​യാ​ളിയും

10:51 AM Nov 10, 2022 | Deepika.com
ചെ​ന്നൈ: മ്യാ​ന്‍​മ​റി​ല്‍ സാ​യു​ധ​സം​ഘം ത​ട​വി​ലാ​ക്കി​യ​വ​രി​ല്‍ മ​ല​യാ​ളി​യ​ട​ക്ക​മു​ള്ള ഒ​ന്‍​പ​ത് ഇ​ന്ത്യ​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി വൈ​ശാ​ഖ് ര​വീ​ന്ദ്ര​നും ത​മി​ഴ്‌​നാ​ട്ടു​കാ​രാ​യ എ​ട്ടു പേ​രു​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ ചെ​ന്നൈ​യി​ലാ​ണ് ഇ​വ​ര്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. സാ​യു​ധ​സം​ഘം മ്യാ​ന്‍​മ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ ഉ​പേ​ക്ഷി​ച്ച ഇ​വ​രെ താ​യ്‌​ല​ന്‍​ഡ് പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യാ​ത്രാ​രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​ന് 26 ദി​വ​സ​ത്തെ ത​ട​വു​ശി​ക്ഷ ക​ഴി​ഞ്ഞാ​ണ് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തു​ന്ന​ത്.

രണ്ട് മാസം മുന്പാണ് കോള്‍ സെന്‍ററിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരെ മ്യാന്‍മറിലേയ്ക്ക് കൊണ്ടുപോയത്. പി​ന്നീ​ട് തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് മാ​റ്റിയ ഇ​വ​രെ സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. വാ​ട്ട്‌​സ്ആ​പ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​വ​ര്‍ നാ​ട്ടി​ലേ​യ്ക്ക് ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

സാ​യു​ധ​സം​ഘം ത​ട​വി​ലാ​ക്കി​യ 13 ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ ക​ഴി​ഞ്ഞ മാ​സം ഒ​ന്‍​പ​തി​ന് തി​രി​ച്ചെ​ത്തി​യി​രു​ന്നു. മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​നി തി​രി​കെ എ​ത്താ​നു​ള്ള​ത്.